Loading
Islamic Stories: നിധി കാക്കും ഭൂതങ്ങള്‍ story

welcome

analy

Discover Islam DVD

നിധി കാക്കും ഭൂതങ്ങള്‍ story

story for kids


മുഖവുര: താഴെ പ്രധിപാദിക്കുന്ന കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പികങ്ങളാണ്‌. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം ആര്‍ക്കെങ്കിലും തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികം മാത്രം.
എന്‍റെ കഥയിലെ മുഖ്യ കഥാപാത്രം പണ്ടു പണ്ടു പണ്ടെങ്ങാണ്ടോ എട്ടാം ക്ളാസ്സും കമ്പടിയുമായി ഒരു വിസയും കയ്യില്‍ പിടിച്ച്‌ ഗള്‍ഫില്‍ വന്നിറങ്ങിയ ഗഫൂറിക്കയും അങ്ങോരുടെ ഓരം പറ്റി ജീവിക്കുന്ന ബീവി സൈനവാ താത്തായും അസുരവിത്ത്‌ ഷുക്കൂറുകുട്ടിയുമാണ്‌. അതവിടെ നില്‍ക്കട്ടെ......നമുക്ക്‌ ഗഫൂറിക്കായുടെ ഫ്ളാഷ്ബാക്കിലേക്ക്‌ പോകാം...വരൂ......
പ്രാരാബ്ദബാധിതനായ ഗഫൂറിക്ക ചെറുപ്പത്തിലേ ഗള്‍ഫ്‌ വണ്ടി കയറിയത്‌ കുടുമ്പത്തിന്‍റെ ഉന്നമനത്തിന്‌ വേണ്ടിയാണെന്നാണ്‌ ജനസംസാരം. നാട്ടുമ്പുറത്തുകാരനായ നമ്മുടെ കഥാനായകന്‍ വിമാനതാവളവും വിമാനവും ആദ്യായി കണ്ട ഞെട്ടലില്‍ അദ്ദേഹത്തിന്‍റെ ചിറി ഒരു വശത്തേക്ക്‌ കോടി പോയെന്നാണ്‌ കേട്ട്കേള്‍വി. തന്‍റെ കോടിയ ചിറി പിന്നീടുള്ള വിജയങ്ങളുടെ ഭാഗ്യചിന്നമായി ഗഫൂറിക്ക ഇന്നും കൊണ്ടുനടക്കുന്നു. ചില പരിചയക്കാരുടേയും പ്രബലരായ ബന്ധുക്കളുടേയും സ്വാധീനത്തില്‍ ഗഫൂറിക്കാക്ക്‌ നല്ലൊരു കമ്പനിയില്‍ ഒരു ജോലി തരപ്പെട്ടു. സൂചി കേറ്റേണ്ടിടത്ത്‌ ഗഫൂറിക്ക സാമാന്യം നല്ലൊരു ഉലക്ക തന്നെ കയറ്റി. തനിക്ക്‌ കിട്ടിയ ചെറിയ ജോലിയില്‍ നിന്നു പടിക്കാവുന്നതൊക്കെയും പടിച്ച്‌ വഹിക്കാവുന്നതൊക്കെയും വഹിച്ച്‌ തുരക്കാവുന്നതിന്‍റെ പരമാവധി തുരന്ന്‌ ഉയരങ്ങളിലേക്ക്‌ നുഴഞ്ഞു കയറി. ഗഫൂറിക്കായുടെ ചെക്കും മണി ഓര്‍ടറും കാത്ത്‌ നാട്ടില്‍ ദുരിതതിരമാലകള്‍ എണ്ണി കഴിയുന്ന ഉമ്മയ്ക്കും പെങ്ങന്‍മാര്‍ക്കും പല മാസങ്ങളിലും നിരാശ തന്നെ ഫലം. വല്ലപ്പോഴും ഒരു കത്ത്‌, നൂറോ ഇരുന്നൂറോ അയച്ചു തന്നാലായി തന്നില്ലെങ്കിലായി. എന്നാല്‍ ഗള്‍ഫില്‍ നിന്നു നാട്ടില്‍ ലീവിനു വരുന്ന അയല്‍ക്കാരും ബന്ധുക്കളും പറഞ്ഞു ഓന്‍ അവിടെ നല്ല നിലയിലാണെന്ന്‌ കുടുമ്പക്കാര്‍ക്കറിയാം. എന്നിട്ടും കാലണയുടെ ചില്ലിക്കാശ്‌ പോയിട്ട്‌ കാല്‍ ഇഞ്ചിന്‍റെ സെന്‍റ് കുപ്പി പോലും ഗഫൂറ്‍ അമ്മപെങ്ങന്‍മാര്‍ക്കായി അയച്ചുകൊടുത്തില്ല. അവര്‍ക്കെന്നല്ല ആര്‍ക്കും കൊടുത്തില്ല. ഒരുമ്പെട്ടവന്‍ ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന ഉമ്മായുടെ പിരാക്കൊന്നും ഗഫൂറിനെ ഏശിയില്ല. ഒരു ദര്‍ഹത്തിന്‍റെ കൂടെ മറ്റൊരു ദര്‍ഹം വെച്ചാല്‍ അതു രണ്ട്‌ ദര്‍ഹം ആകും എന്ന്‌ ഗഫൂറിനു അറിയാം. ആ അറിവ്‌ വെരുമൊരു അറിവായല്ല ഒരു ആവേശമായാണ്‌ ഗഫൂറിന്‍റെ സിരകളില്‍ പടര്‍ന്നലിഞ്ഞത്‌. അങ്ങിനങ്ങിനെ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു. ഒരു വെനല്‍കാലത്ത്‌ തന്‍റെ സ്വകാര്യ സമ്പാദ്യങ്ങളെല്ലാം സ്വരുക്കൂട്ടി ഗഫൂറ്‍ വിമാനം കയറി. നാടുകാണുവാന്‍, നാട്ടുകാരെ കാണുവാന്‍...അഥവാ കാണിക്കുവാന്‍....
റയ്ബാന്‍റെ(ഡൂപ്ളികേറ്റ്‌) കറുത്ത കൂളിംഗ്‌ ഗ്ളാസ്സും കറു കറുത്ത കോട്ടുമണിഞ്ഞ്‌ ഗഫൂറ്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി. സ്വീകരിക്കുവാനായി രണ്ടു വണ്ടി ആരാധകര്‍ അവിടെ നിരന്ന്‌ നില്‍പ്പുണ്ടായിരുന്നു. ഉള്ളില്‍ നിന്നുതന്നെ എല്ലവരേയും കൈ വീശി കാണിച്ച്‌ സ്യൂട്ട്കേസും തൂക്കിപിടിച്ച്‌ ഗഫൂറ്‍ ഗമയില്‍ ഇറങ്ങി വന്നു. കൂടെ രണ്ട്‌ തടിയന്‍ പെട്ടികളും. പെട്ടികളെല്ലാം വാഹനത്തിന്‍റെ തലയില്‍ വരിഞ്ഞു മുറുക്കി സ്വീകരണകമ്മിറ്റി യാത്രയായി.വര്‍ഷങ്ങള്‍ക്ക്‌ ശേഷം പ്രിയമകനേയും പള്ള വീര്‍ത്ത പെട്ടികളെയും കണ്ട ഉമ്മ ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ടേയിരുന്നു. വീട്ടിലെത്തി പത്തിരിയും കോഴിക്കറിയും കഴിച്ച്‌ ഒരു ഉറക്കവും പാസ്സാക്കി ഗഫൂറ്‍ വരാന്തയില്‍ ഇരിപ്പായി. ഗള്‍ഫ്‌ ബഡായികള്‍ കേള്‍ക്കുവാന്‍ അനേകം തൊഴിലില്ലാ മച്ചാന്‍മാര്‍ വീടിന്‍റെ മുന്നില്‍ തടിച്ചു കൂടി. കൂട്ടത്തില്‍ വല്ല അത്തറോ ഈന്തപ്പഴമോ കിട്ടിയാലായി എന്ന ചിന്തയില്‍ ആ പടി ചവിട്ടിയവരും ഇല്ലാതില്ല. എന്നാല്‍ എല്ലാവരേയും നിരാശരാക്കിക്കൊണ്ട്‌ ഗഫൂറ്‍ തന്‍റെ വെക്കേഷന്‍ കാലം ഉണ്ടും ഉറങ്ങിയും ബഡായി അടിച്ചും തള്ളിനീക്കി. അല്ലറ ചില്ലറ ഇംഗ്ലീഷ് കഷണങ്ങളും ആശാന്‍ തട്ടിവിടുന്നുണ്ട്‌ ആരേക്കണ്ടാലും. "ഹവ്വ്‌ ആര്‍ യൂ" എന്നൊക്കെ ചോദിക്കുമ്പോള്‍ ചോദ്യകര്‍ത്താവിനും കേള്‍വിക്കാരനും ആകപ്പാടെ ഒരു രോമാഞ്ചം.
 
അങ്ങിനങ്ങനെ ഗഫൂറിന്‍റെ വെക്കേഷന്‍ പരിസമാപ്തിയിലെത്തി. ഗഫൂറിക്ക കൊണ്ടുവന്ന പെട്ടികളൊക്കെ നാലുവശവും നടന്ന്‌ മണത്ത്‌ മണത്ത്‌ പെങ്ങന്‍മാര്‍ മടുത്തു. അതിന്‍റെ ഉള്‍വശം കാണുവാനുള്ള ഭാഗ്യം ഇന്നേവരെ അവര്‍ക്ക്‌ സിദ്ധിച്ചിട്ടില്ല. സഹികെട്ട്‌ മൂത്ത പെങ്ങള്‍ ചോദിച്ചു " ഇക്കാന്‍റെ പെട്ടികളൊന്നും ഇന്നേവരെ തുറന്നില്ലല്ലോ, ഈന്തപ്പഴമൊക്കെ ചീഞ്ഞു കാണുമല്ലോ പടച്ചോനെ". സഹോദരിമാരുടെ സന്ദേഹങ്ങള്‍ക്ക്‌ മറുപടിയായി ഒരു ചെറു മന്ദസ്മിതം മാത്രം. എന്താണതിന്‍റെ അര്‍ഥമെന്ന്‌ ആര്‍ക്കും പിടികിട്ടിയില്ല.
അങ്ങിനെ ഗഫൂറിക്കായുടെ മടക്കയാത്രയുടെ ദിനമായി. കൊണ്ടുവന്ന ചരക്കുകള്‍ ഭദ്രമായി യാതൊരു ഒടിവും ചതവും കൂടാതെ വാഹനത്തിലേറ്റി എയര്‍പോര്‍ട്ടിലേക്ക്‌ യാത്രയായി. മടക്കയാത്രയില്‍ കൂട്ടിനായി നിഗൂഡത നിറഞ്ഞ പെട്ടികള്‍ മാത്രം, സ്വീകരണ കമ്മിറ്റിയിലെ അംഗങ്ങളൊന്നും യാത്രയയപ്പിനു കാണുന്നില്ല. എന്നാല്‍ അതൊന്നും ഗഫൂറിനു ഒരു പ്രശ്നമേയല്ല. അതീവ സന്തോഷവാനായി പുള്ളി യാത്രയായി. 
വീണ്ടും നാളുകള്‍ കഴിഞ്ഞു. ഗഫൂറിക്കാക്ക്‌ കല്യാണ ആലോചനകള്‍ വരവായി. ബ്രോക്കര്‍ (ബ്രോക്കര്‍ ഫീസ്‌ ഉമ്മയുടെ ചിലവില്‍ കണക്കാക്കാം) കൊണ്ടുവരുന്ന ഫോട്ടോകള്‍ ഉമ്മ അയച്ചുകൊടുത്തുകൊണ്ടേയിരുന്നു. കൂട്ടത്തില്‍ സൈനവാത്താതയുടെ മൊഞ്ച്‌ കണ്ട്‌ ഗഫൂറ്‍ തൃപ്തിപ്പെട്ടു. കൂടാതെ മോശമില്ലാത്ത സ്ത്രീധനവും കിട്ടുന്നുണ്ട്‌. എല്ലാം കൊണ്ടും സൈനവാതാത്തായെ ബീവിയാക്കാന്‍ ഗഫൂറ്‍ ഉറപ്പിച്ചു. അടുത്ത ലീവിന്‌ വിവാഹം നിശ്ചയിക്കപ്പെട്ടു. ഏഴെട്ട്‌ പെണ്‍മക്കളുള്ള വീട്ടിലെ അന്തേവാസയായ സൈനവാബീവിക്ക്‌ ഗള്‍ഫ്‌കാരന്‍റെ വിവാഹാലോചന എന്തെന്നില്ലാത്ത ആത്മനിര്‍വൃതിയാണ്‌ നല്‍കിയത്‌. എങ്ങനേലും ഈ പെണ്‍പട്ടാളത്തിന്‍റെ ഇടയില്‍ നിന്ന്‌ രക്ഷപെട്ട്‌ പുതുമണവാളനോടൊപ്പം പറന്ന്‌ പറന്ന്‌ കടലിനക്കരെ പോകാമല്ലോ. സൈനവാ താത്തായുടെ ആഗ്രഹങ്ങള്‍ സഫലമായി. ബീവിയെയും കൊണ്ട്‌ ഗഫൂറിക്ക സ്വപ്നങ്ങളുടെ പറുദീസയിലേക്ക്‌ പറന്നു. ബീവിയും ഇക്കയും ചില പരിചയങ്ങള്‍ വഴി നിസ്സാര തുകയ്ക്ക്‌ ഒരു ഫ്ളാറ്റ്‌ ഒപ്പിച്ചു. അല്‍പം പഴക്കം ചെന്നതും സൌകര്യങ്ങള്‍ കുറഞ്ഞതും ആണെങ്കിലും അവര്‍ അതുകൊണ്ട്‌ തൃപ്തിപ്പെട്ടു. ആഡമ്പര സൌകര്യമുള്ള വീട്ടില്‍ താമസിച്ചെന്ന്‌ വെച്ച്‌ ആരെങ്കിലും വല്ലതും തരുമോ? ആ പൈസ കൂടി ബാങ്കില്‍ കിടന്നാല്‍ എന്താ....കൊള്ളില്ലേ.. ? 
ഗഫൂറിക്കയുടെ സമ്പാദ്യ ശീലത്തിന്‌ മാറ്റ്‌ കൂട്ടുവാന്‍ തക്കവണ്ണം സൃഷ്ടിക്കപ്പെട്ടവളായിരുന്നു ബീവി. വിരുന്നുകാര്‍ ഉള്ള ദിവസം ഉണക്കമീനും അല്ലാത്ത ദിവസങ്ങളില്‍ നെയ്മീനും എന്ന റ്റയിം റ്റേബിള്‍ ബീവി കൃത്യമായി പാലിച്ചുപോന്നു. അഞ്ച്‌ നെയ്മീന്‍ കഷണങ്ങളില്‍ ഒരോന്നും മൂന്നായി ഭാഗിച്ച്‌ പതിനഞ്ച്‌ കഷണങ്ങള്‍ ആക്കി അര മാസത്തേക്ക്‌ ബീവി തീന്‍ മേശ നിറയ്ക്കും. തന്‍റെ കമ്പനിയില്‍തന്നെ ബീവിക്കും ഒരു ജോലി തരപ്പെടുത്തി ഗഫൂറിക്ക. അങ്ങിനെ അവര്‍ സംയുക്തമായി എണ്ണപ്പാടങ്ങള്‍ ഊറ്റി ബാങ്ക്‌ അക്കൌണ്ടുകള്‍ നിറച്ചു. ഗള്‍ഫിലെന്നല്ല നാട്ടിലേയും അക്കൌണ്ടുകള്‍ നിരഞ്ഞുകവിഞ്ഞു. വര്‍ഷങ്ങള്‍ കഴിയുംതോറും ഗഫൂറിക്കയും ബീവിയും വസ്തുക്കള്‍ വാങ്ങികൂട്ടി ഒരു ഗ്രാമം തന്നെ വിലക്കെടുത്തു. ഇതിനിടയില്‍ അവര്‍ക്കൊരു അസുരവിത്തും ജനിച്ചു...അതാണു ഷുക്കൂറുകുട്ടി. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടിലെക്കു അവര്‍ ചില ലഘു സന്ദര്‍ശനങ്ങള്‍ നടത്തി. വിവാഹാനന്തരം ഗഫൂറിക്കയുടെ നിഗൂഡ സ്യൂട്കേസുകള്‍ക്ക്‌ ചില വ്യത്യാസങ്ങള്‍ കാണപ്പെട്ടു. നാട്ടില്‍ വരുന്നതിനു രണ്ടു ആഴ്ച മുന്നേ ബീവി വഴിവക്കിലും മറ്റും കൂട്ടിയിട്ട സെക്കനട് ഹാണ്റ്റ്‌ സാധനങ്ങള്‍ വാരിക്കൂട്ടും പെട്ടിനിറക്കാന്‍. കൂടാതെ താന്‍ ഉടുത്തു പിഞ്ച്‌ കീറാറായ സാരികള്‍, അടിപ്പാവാടകള്‍ എന്തിനു പറയുന്നു തറ തുടക്കുന്ന തുണിവരെ ബീവി തന്‍റെ പെട്ടികളില്‍ നിറച്ചു. ജന്നത്തില്‍ ഫിര്‍ദൌസില്‍ നിന്നു കൊണ്ടു ഇറക്കിയ വിശേഷപ്പെട്ട ചരക്കുകള്‍ പോലെ ബീവി ആ പഴഞ്ചരക്കുകള്‍ ബന്ധുക്കള്‍ക്ക്‌ വിതരണം ചെയ്തു. വാങ്ങുന്നവര്‍ക്ക്‌ പ്രസ്തുത സമ്മാനത്തിന്‍റെ ആയുസ്സ്‌ ദിവസങ്ങളേ ഉള്ളൂ എന്ന്‌ അറിയാമെങ്കിലും ആരും ഒന്നും മിണ്ടിയില്ല. വലിയ പത്രാസുകാരും കാശുകാരും ഒക്കെയല്ലേ.....വല്ലതും എതിര്‍ത്ത്‌ പറയാന്‍ പാടുണ്ടോ?....തുടര്‍ന്നുള്ള എല്ലാ കാര്യങ്ങളിലും ബീവിയുടേയും ഇക്കായുടേയും അഭിപ്രായങ്ങളും തീരുമാനങ്ങളും ഇരു കുടുമ്പങ്ങളിലും നടത്തിപ്പോന്നു. ഉദാഹരണത്തിന്‌ ബീവിയുടെ ഭവനത്തില്‍ വടക്ക്‌ നില്‍ക്കുന്ന തെങ്ങില്‍ കെട്ടിയ പശുവിനെ കിഴക്കുള്ള തെങ്ങില്‍ മാറ്റിക്കെട്ടണമെങ്കില്‍ അതിനു ബീവിയുടെ അനുവാദം വാങ്ങണം. കായ്‌ ഉള്ളവരെ ബഹുമാനിക്കേണ്ടതല്ലേ? (ഒന്നും തന്നില്ലെങ്കിലും)....ഗഫൂറിക്കയും ബീവിയും നട്ടിലെയും വീട്ടിലെയും കിരീടം വെക്കാത്ത രാജാക്കന്‍മാരായി വാണു ഒട്ടനേകം ആശൃിത വത്സലരുടെ നടുവില്‍. 
ഗഫൂറിനെ ക്ളോണ്‍ ചെയ്തു വച്ച പോലെ ഷുക്കൂറ്‍ കുട്ടിയും വളര്‍ന്നു. വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ വാഹനങ്ങള്‍ മറ്റ്‌ സ്താപരജംഗമ വസ്തുക്കള്‍ എല്ലാമവന്‍ ത്യജിച്ചു. കൂട്ടുകാരോടൊപ്പം ഒരു സിനിമ കാണാന്‍ പോകില്ല. പോകണമെങ്കില്‍ കൂട്ടുകാര്‍ ആരെങ്കിലും ടിക്കറ്റ്‌ വഹിക്കണം. അതിനുള്ള വിശാലമനസ്കത കാട്ടുവാന്‍ ആരെങ്കിലും തയ്യാറായാല്‍ ഷുക്കൂര്‍കുട്ടി ഒരു സിനിമ ഒക്കെ കണ്ടെന്നിരിക്കും. അങ്ങിനെ കാലം കടന്നുപോകെ ഷുക്കൂര്‍കുട്ടിയും വിവാഹിതനായി. എടുത്താല്‍ പൊങ്ങാത്ത സ്ത്രീധനവും പേറി ഒരു പണച്ചാക്ക്‌ അവരുടെ നിധി കുടീരത്തിലെക്ക്‌ ചേക്കേറി. മുപ്പത്‌ വര്‍ഷമായി തങ്ങള്‍ താമസിക്കുന്ന കാലിത്തൊഴുത്ത്‌ പോലുള്ള വീട്‌ ഒന്നു മാറാന്‍ പരിചയക്കാര്‍ പലരും പറഞ്ഞിട്ടും ആ സമ്പാദ്യകുടുമ്പം വഴിപെട്ടില്ല. തങ്ങളുടെ നിലയ്ക്കും വിലയ്ക്കും വലിപ്പത്തിനും ചേരാത്ത പഴഞ്ചന്‍ അഴുക്കു പിടിച്ച ഫ്ളാറ്റ്‌ ഉപേക്ഷിച്ചാല്‍ എല്ലാ ഐശ്വര്യവും നഷ്ടമാകും എന്നാണ്‌ അവരുടെ ഭാഷ്യം. അല്ലാതെ മുന്തിയ വാടക കൊടുത്ത്‌ പുതിയ ഫ്ളാറ്റ്‌ എടുക്കാന്‍ മനസ്സില്ലഞ്ഞിട്ടാണെന്ന്‌ തെറ്റിദ്ധരിക്കരുതു കേട്ടോ...... 
ഇന്നിതാ ഷുക്കൂര്‍കുട്ടിയും ഒരു പിതാവായി. അവര്‍ തങ്ങളുടെ ഭാഗ്യകുടീരത്തില്‍ നിധികാക്കും ഭൂതങ്ങളായി ഇടുങ്ങിപ്പിടിച്ച്‌ ഞെങ്ങി ഞെരുങ്ങി ജീവിച്ചു പോരുന്നു. 
ഇനിയിതാ വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള അഥവാ ഭാവിയിലെ ഒരു കാഴ്ചയിലെക്ക്‌ ഞാന്‍ നിങ്ങള്‍ ഏവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു. സ്ഥലം ഗഫൂറിക്കയുടെ പറമ്പ്‌. കുറെ കോഴികുഞ്ഞുങ്ങള്‍ കൊത്തിയും പെറുക്കിയും നടക്കുന്നത്‌ കാണുന്നില്ലേ? ആകാശത്തൊരു പട്ടിണി പരുന്ത്‌ വട്ടമിട്ട്‌ പറക്കുന്നു അവരെ റാഞ്ചുവാന്‍. ആ ദുഷ്ടനെ കണ്ടതും തള്ളക്കോഴി തന്‍റെ കുഞ്ഞുങ്ങളെയെല്ലാം വിളിച്ചുകൂട്ടി ഒരു അഭയ സ്ഥാനത്തേക്ക്‌ ചേക്കേറി. അത്‌ എവിടെയാണെന്നല്ലേ? നമ്മുടെ ഗഫൂറിക്കായുടെ ഖബര്‍ തന്നെ. കുഴിക്കുള്ളില്‍ പണപ്പെട്ടിയും കെട്ടിപ്പിടിച്ച്‌ കിടക്കുന്ന ഗഫൂറിക്കയെ കണ്ടിട്ടാണോ എന്നറിയില്ല .പരുന്ത്‌ പിന്നെ ആ വഴി വന്നില്ല. വെറുതേ പഴഞ്ചൊല്ല് തെറ്റിക്കണ്ടാന്ന്‌ കരുതിക്കാണും.....